Tuesday, 11 February 2020

തെയ്യക്കാഴ്ച്ചകൾ

വടക്കിന്റെ മണ്ണിലിപ്പം തെയ്യങ്ങൾ പൂക്കുന്ന കാലമാണ്. കളിയാട്ടം കാണാൻ നാട്ടിൽ പോയാലോയെന്ന് തലശ്ശേരിക്കാരിയായ ചങ്ങായി RJ Manjusha Manoharan ചോദിച്ചപ്പൊ പിന്നൊന്നും നോക്കീല ബാഗും പാക്ക്ചെയ്ത് ഹോസ്റ്റലിന്റെ പടിയിറങ്ങി. പണ്ട് തൊട്ടെ ഉള്ളിലുള്ള പൂതിയാണ്  ഇരുൾവീണ കാവിൽ മരംകോച്ചുന്ന തണുപ്പിൽ അരണ്ടവെളിച്ചത്തിൽ കടുംവർണ്ണങ്ങളിൽ നിറഞ്ഞാടുന്ന തെയ്യാട്ടം കാണണമെന്നുള്ളത്. ഒരു ശരാശരി കൊച്ചിക്കാരിയായ മ്മ്ക്ക് ഇത്തരം തെയ്യക്കാഴ്ച്ചകൾ ഒരു വിദൂര സ്വപ്നം മാത്രമായിരുന്നു. അങ്ങനെ, ഇങ്ങനെയൊരു തെയ്യക്കാലത്ത് മഞ്ജുഷക്കും അമ്മക്കും കുട്ടികൾക്കുമൊപ്പം മലബാറിന്റെ മണ്ണിലേക്ക് മ്മ്ളും യാത്ര തിരിച്ചു 🚂 

കോഴിക്കോട് പിന്നിട്ടപ്പൊ കണ്ടുതുടങ്ങിയ കണ്ടൽക്കാടുകൾ കല്ലേൻ പൊക്കുടൻ എന്ന കണ്ടലിന്റെ പിതാവിനെ ഓർമ്മിപ്പിച്ചു. ഹരിസാറിന്റെ ക്ലാസ്സിലാണ് പൊക്കുടനെക്കുറിച്ച് ആദ്യം കേൾക്കുന്നത്. ഇദ്ദേഹത്തെ നിങ്ങൾക്കറിയില്ലെ പിള്ളേരേന്ന സാറിന്റെ ചോദ്യവും തുടർന്നുള്ള വിശദീകരണവും അന്ന് കൗതുകത്തോടെ കേട്ടിരുന്നു. കൗതുകം ലേശം കൂടിയതുകൊണ്ടാകണം കോഴ്സിന്റെ അവസാനകാലം തീസിസ് ചെയ്യാൻ തീരുമാനിച്ചതും കണ്ടലുതന്നെ. ഈ വിഷയം എടുക്കാൻ തന്നെ നിശ്ചയിച്ചത് പൊക്കുടനെ കാണാൻ ഏഴോമിലേക്ക് വണ്ടികേറണമെന്ന് ഉറപ്പിച്ചിട്ടാണ്. അന്ന് ജീനമ്മക്കൊപ്പം Rj Jeena Mariya ആ യാത്ര ആഘോഷമാക്കി ❤️

ഏകദേശം ഒരു ഉച്ചഉച്ചരയോടുകൂടി മ്മ്ള് മഞ്ജുമ്മേടെ ‘സാരംഗി’ യിലെത്തി. കടിഞ്ഞൂൽ കല്ല്യാണത്തിലെ ഉർവ്വശിയെപ്പോലെ ഓള് നാടും പള്ളിക്കൂടവും പണ്ട് മാങ്ങക്കെറിഞ്ഞ കല്ലുംവരെ കാട്ടിത്തന്നു 😜😜 
ശേഷം കാവിലേക്ക്....

പ്രകൃതിയെയും മനുഷ്യനേയും ഇഴചേർക്കുന്ന ദ്രാവിഡ സംസ്‌കാരത്തിന്റെ ശേഷിപ്പുകളാണ് തെയ്യക്കാവുകള്‍. അധഃസ്ഥിതന്റെ രോഷാഗ്നിയില്‍ നിന്നാണ് ഓരോ തെയ്യവും ഉയിർകൊള്ളുന്നത്. അതിനാൽ, ഇവിടത്തെ ആചാരങ്ങളും ഈ പശ്ചാത്തലത്തിലുള്ളതാണ്. ഓള് ഓരോ തെയ്യത്തെക്കുറിച്ചും, അതിന്റെ ഐതിഹ്യത്തെക്കുറിച്ചും ചുരുങ്ങിയ സമയംകൊണ്ട് വിശദമായിത്തന്നെ പറഞ്ഞ്തന്നു.  ജീവിതാവസ്ഥകളോട് കലഹിച്ചവരും നാട്ടരചന്മാരുടെ ചതിയിൽപ്പെട്ടവരും ജീവിതത്തിൽ ദുരന്തം നേരിട്ടവരുമായ വ്യക്തികളാണ് തെയ്യപ്പുരാവൃത്തത്തിൽ കൂടുതലും. ഇവിടത്തെ പ്രധാനദേവതയായ മുച്ചിലോട്ട് ഭഗവതിയുടെ ചരിത്രവും അങ്ങനെതന്നെ.
ആരാധനാലയങ്ങളിൽ ദൈവത്തിന്റെ ഇടനിലക്കാരനായി വെളിച്ചപ്പാടോ പൂജാരിയോ പുരോഹിതനോ എത്തുമ്പോൾ, തെയ്യാനുഷ്ഠാനത്തിൽ ദൈവം നേരിട്ട് ഭക്തരുടെ അടുത്തെത്തുകയാണ്. സങ്കടം കേൾക്കുകയും ചുമലിൽതട്ടി ആശ്വസിപ്പിക്കുകയും പരിഹാരം നിർദേശിക്കുകയും ചെയ്യുന്ന ദൈവം 💚
തോറ്റംപാട്ടിന്റെ ഈണവും, നാടിന്റെ ചരിത്രവും ആചാരത്തിന്റെ പശ്ചാത്തലവും ചടുലതാളവും ഉൾക്കൊണ്ട് ദൈവത്തിന്റെ പ്രതിരൂപമായാണ് തെയ്യക്കോലങ്ങളുടെ പ്രത്യക്ഷപ്പെടൽ. 

മ്മ്ള് കാവിലെത്തിയപ്പൊ വെള്ളാട്ടം നടക്കുകയാണ്. തെയ്യത്തിനുമുമ്പായി നടത്തുന്ന ഒരു അനുഷ്ഠാനമാണ് വെള്ളാട്ടം.
ഇത് തെയ്യത്തിന്റെ ബാല്യരൂപമാത്രെ. പ്രധാന വ്യത്യാസം മുടിയിലാണ്‌. വെള്ളാട്ടത്തിന്‌ തിരുമുടിയില്ല. ചെറിയ മുടിമാത്രം. വെള്ളാട്ടം തെയ്യരൂപമായി വരുമ്പോഴാണ്‌ തിരുമുടി ധരിക്കുന്നത്. തെയ്യം എന്ന സങ്കല്പം പൂർണ്ണത കൈവരിക്കുന്നത് തിരുമുടി ധരിക്കുന്നതോടു കൂടിയാണത്രെ. ഉറഞ്ഞാടലും ഉരിയാട്ടവും എല്ലാം നടത്തുന്നത് തിരുമുടി ധരിക്കുന്നതോടെയാണ്‌. വെള്ളാട്ടം കഴിഞ്ഞ് രാത്രി തിരികെ സാരംഗിയിലേക്ക് പോകുമ്പൊ സംസാരത്തിലുടനീളം കുട്ടിക്കാലത്തെ ഓർമ്മകളായിരുന്നു. 

പിറ്റേന്ന് രാവിലെതന്നെ കാവിലെത്തി. കനലാട്ടത്തിനുള്ള മരക്കഷ്ണങ്ങൾ യഥാവിധിപ്രകാരം തീകൊളുത്തുന്നു. ആദ്യം പോതിതെയ്യമാണ് (പുതിയ ഭഗവതി).
കണ്ണിൽ മഷി, മുഖത്തും ദേഹത്തും മനയോലയും ചായില്യവും ചാലിച്ചത്. നെറ്റിയിൽ മൂന്ന് വരക്കുറി. ചെവിതൊട്ട് താടിവരെ മൂന്ന് കുറി. തലയിൽ വെള്ള കെട്ടും. അതിനു മുകളിൽ തലപ്പാളി. അതിനും മുകളിൽ പോതിപ്പട്ടം. രണ്ടുകൈയിലും മുരിക്കിൽ തീർത്ത നാലുകൈവളകൾ. അരയിൽ ചുവന്ന പട്ട്. കാലിൽ ചിലമ്പ്.. ഇടശ്ശേരിയുടെ പൂതപ്പാട്ടാണ് ഓർമ്മയിലെത്തിയത്. ശേഷം മുച്ചിലോട്ടു ഭഗവതിയുടെ ഉപദേവതകളായ കണ്ണങ്ങാട്ട് ഭഗവതിയും നരമ്പിൽ ഭഗവതിയും പുല്ലൂരാളിയുമൊക്കെ രംഗത്തെത്തി. ഓരോ തെയ്യാട്ടവും ഒന്നിനൊന്ന് മിഴിവാർന്നത്. ഒടുവിൽ എല്ലാവരും കാത്തുനിന്ന തമ്പുരാട്ടിയുടെ എഴുന്നള്ളത്ത്... തിരുനടയിൽ എരിഞ്ഞമർന്ന കനലിൽ കോമരം ഉറഞ്ഞുതുള്ളുമ്പോൾ പിൻഭാഗത്ത് തെക്കേത്തറയിൽ മുച്ചിലോട്ടമ്മക്ക് മുടിനിവരുകയായി. മുച്ചിലോട്ടമ്മയുടെ കഥകേട്ടപ്പോൾ മുതൽ ഉള്ളിലൊരു നീറ്റലായിരുന്നു. 
അറിവുകൊണ്ട് വിജയം നേടിയപ്പോൾ അപവാദ പ്രചരണം നടത്തി സമൂഹം ഭ്രഷ്ട് കൽപ്പിച്ചതിനാൽ, അപമാനഭാരത്താൽ അഗ്നിയിൽ ജീവൻ ഹോമിച്ച വിദ്യാസമ്പന്നയായ കന്യകയാണ് മുച്ചിലോട്ടമ്മ. എരിഞ്ഞമർന്ന അഗ്നിയിൽ നിന്ന്  ദൈവത്വത്തിലേക്ക് ഉയിർകൊണ്ട് മുച്ചിലോട്ട് ഭഗവതിയായി. ഇതുവരെ കണ്ടതിൽവെച്ച് ഏറ്റവും വലിയ തെയ്യം. സർവ്വാഭരണവിഭൂഷിതയായ സുന്ദരി ❤️
മുച്ചിലോട്ട് ഭഗവതിയെപ്പോലെ ലാവണ്യമുള്ള തെയ്യം വേറെയില്ല എന്നാണു പറയപ്പെടുന്നത്. കണ്ണും മനസ്സും നിറച്ച് തെയ്യാട്ടം കണ്ടു. ഒടുവിൽ മുച്ചിലോട്ട് ഭഗവതി വിടചോദിക്കുമ്പോൾ കാവിലെത്തിയ ഓരോമുഖത്തും ദുഖം നിഴലിക്കുന്നു. കല്ലിൽനിന്ന് നമ്മിലൊരാളായി നമുക്കിടയിലേക്കിറങ്ങിവന്ന ദൈവരൂപം നേരിന്റേയും നെറികേടിന്റേയും കഥ പകർന്നാടുമ്പോൾ മ്മ്ളോട് പറയാതെപറയുന്നതും ഇതുതന്നെയാവാം തത്ത്വമസി.

No comments: