Friday, 17 January 2020

ഇന്നലെകളിലെ ഓർമ്മകളും
നാളെയുടെ സ്വപ്നങ്ങളും
പങ്കുവെച്ചുകഴിഞ്ഞെങ്കിൽ...
നിങ്ങൾ ഒരു നിമിഷം
ജനറൽ ആശുപത്രിയിലെ,
ക്യാൻസർ വാർഡിൽ ഒന്ന് ചെല്ലണം.
കാണാം ശീതീകരിക്കപ്പെട്ട മുറിയിൽ
നിശ്ചലമായ കാലം.
കബോഡുകൊണ്ട് മൂന്നായ് തിരിച്ച വാർഡിൽ
ചിറകറ്റ ജീവിതങ്ങൾ ചിതലരിക്കുന്നു.
അവിടെ മരണം നിത്യസന്ദർശകൻ
മോർഫിനും ആസ്പിരിനും 
തോതുകൂട്ടി പരീക്ഷിക്കുമ്പോഴും
ഡെമോക്ലീസിന്റെ വാൾ തലക്കലാടുന്നു.
മതങ്ങളും പ്രത്യയശാസ്ത്രങ്ങളും
തമ്മിൽ കലഹിക്കാറില്ലവിടെ.
ഭീതിയും നിസ്സഹായതയുംകൊണ്ട്
ചിരിക്കാൻ മറന്ന മുഖങ്ങൾ മാത്രം
മയക്കത്തിലേക്ക് തെന്നിവീഴുമ്പോൾ
ഞെട്ടി ഉണരുന്നത് 
ഇരവിന്റെ മറവിൽ മരണം കവർന്ന
ആർക്കോവേണ്ടിയുള്ള കരച്ചിൽ കേട്ട്
ഞെട്ടറ്റുവീഴുന്ന ജീവന്റെ തിരുശേഷിപ്പുകൾ
മറവികടമെടുത്താലും മായ്ക്കാനാവാത്ത ഓർമ്മകൾ....
ഇന്നലെ കണ്ടവർ ഇന്നില്ലയെന്നതും
നാളെയെന്താകുമെന്നറിയാത്ത വ്യാധിയും
ആത്മവിശ്വാസം കെടുത്തുന്നു പലരിലും.
ആശ്വാസവാക്കുകൾക്കിടമില്ല 
എങ്കിലും പറയുന്നതിത്രമാത്രം
“ഈ നിമിഷവും കടന്നുപോകും”




Saturday, 11 January 2020

അഴിയിട്ട ജാലകത്തിനപ്പുറം

വറുതിയിൽ വെണ്ണീറായ കാട്.

ചിതൽ ചിത്രം വരച്ച ഘടികാരം

ചുവരിൽ തൂങ്ങിയാടുന്നു.

അടുക്കില്ലാതെ റാക്കിൽ ഒതുക്കിയ പുസ്തകങ്ങൾ

വരിതെറ്റിയ കവിതപോലെ കല്ലുകടി.

എന്നിട്ടും....

നരച്ച പകലുകൾ തളിർത്തത്

ജനലിനോരംപറ്റി പന്തലിച്ച

വള്ളിച്ചെടിയുടെ നാമ്പുകൾ കണ്ടാണ്...

Thursday, 9 January 2020

കത്തും കാടിന്റെ നാഡിയിൽ 

വറ്റാത്ത നീരാകുവാൻ 

മണ്ണിന്നുറവ തേടുന്നുഞാൻ..

Saturday, 4 January 2020

ആനവണ്ടിയിൽ ഒരു മലക്കപ്പാറയാത്ര

2019 തന്നിട്ടുപോയ എട്ടിന്റെ പണികൾക്കിടയിലും മ്മ്ക്ക് കലോറീസ് ആൻഡ് കലോറീസ് ഊർജ്ജം തന്ന് ഇങ്ങനെ പിടിച്ചുനിർത്തുന്നതിൽ യാത്രകൾക്കുള്ള പങ്ക് പറഞ്ഞറിയിക്കാൻ പറ്റുന്നതല്ല. “നാടോടി” ഒരുക്കിയ ഈ കാനനയാത്രയുടെ ഭാഗമാകാൻ കഴിഞ്ഞതിൽ പെരുത്ത സന്തോഷം😊 RJ Manjusha ഇജ്ജ് മുത്താണ്. 

കാട്,  കാട്ട് മൃഗങ്ങള്‍, തേയില തോട്ടങ്ങള്‍, ഹെയര്‍പിന്‍ വളവുകള്‍, ഡാമുകള്‍, അങ്ങിനെ ഒട്ടേറെ കാഴ്ച്ചകൾ കൊണ്ട് സമ്പന്നമായ ‘മലക്കപ്പാറ’ എന്ന മലയോരഗ്രാമത്തിലേക്ക് അതും ആനവണ്ടിയിൽ ഒരു യാത്ര....😍😍 ഈ ആനയോടും ആനവണ്ടിയോടുമൊക്കെയുള്ള പ്രണയത്തിന് ഒരുപാട് വർഷത്തെ പഴക്കമുണ്ട്. ഓർമ്മവെച്ചനാൾതൊട്ടെ പള്ളത്താംകുളങ്ങര ഗിരീശനെന്ന  മ്മ്ടെ ഗിരീശനോട് തോന്നിയ ഇഷ്ടം.... ഡിഗ്രിക്ക് പഠിച്ച മൂന്നുവർഷവും ആനവണ്ടിയിലെ സ്ഥിരം യാത്ര.... മനക്കപ്പടിയെത്തുമ്പൊ എന്നും കാണുന്ന ഗജവീരനെ ഒരുദിവസം കണ്ടില്ലെങ്കിൽ അനുഭവിച്ചിരുന്ന മിസ്സിങ്ങ് ഫീൽ.... (ഒരിക്കൽ ഒരു പ്രണയലേഖനം വരെ എഴുതി)  ഒക്കെയും ഇന്ന് നൊസ്റ്റു ആണ്. ആ അതവിടെ നിക്കട്ടെ മ്മക്ക് യാത്രയിലേക്ക് വരാം. 2019 വിടവാങ്ങാൻ ഒരുങ്ങിനിൽക്കെ ഞങ്ങള് അമ്പതോളം പെണ്ണുങ്ങളും കുട്ടികളും അടങ്ങുന്ന സംഘം നാടോടിയുടെ ഫ്ളാഗ് ഓഫിനുശേഷം ചാലക്കുടിയിൽനിന്നും മലക്കപ്പാറക്ക് തിരിച്ചു. യാത്രയുടെ മുന്നൊരുക്കങ്ങളുടെ ഭാഗമായി നാടോടിയുടെ മാസ്റ്റർ ബ്രയിൻ മ്മടെ ചങ്ങായി തുടങ്ങിയ വാട്സപ്പ് ഗ്രൂപ്പിലൂടെ ഇതിനകം ഒട്ടുമിക്കവരും പരിചിതരായിരുന്നു. നേരിട്ട് കണ്ടമാത്രയിൽ അപരിചിതത്വത്തിന്റെ നേർത്ത നൂലുപോലും ഇല്ലാതായി. സമാനഹൃദയർ.... ഒരേ മനസ്സോടെ പാട്ടുപാടിയും നൃത്തചുവടുകൾ വെച്ചും യാത്ര തുടർന്നു. ജവാൻ പാർക്കിൽ ഒരുക്കിയ പ്രാതലിനുശേഷം മ്മ്ടെ പിറന്നാളുകുട്ടി ഐഷുന്റെ കേക്കുമുറിക്കൽ, ശങ്കരിവാവയുടെയും മഞ്ജു ആൻഡ് പാർടിയുടേയും ഡാൻസ് 😍😍 ശേഷം  തൊട്ടടുത്ത കാട്ടരുവിയിലേക്ക്. ഈ കാടും പുഴയുമൊക്കെ ഒരു വീക്ക്നസ് ആയതുകൊണ്ടുതന്നെ ആദ്യമാദ്യം വെള്ളത്തിലിറങ്ങാതിരിക്കാൻ ഞാൻ ബോധപൂർവ്വം ശ്രമിച്ചെങ്കിലും എല്ലാം കയ്യീന്ന് പോയി. അല്ലപിന്നെ ഇത്രേം നല്ല തണുത്തവെള്ളം വെള്ളം കൺമുൻപിലിങ്ങനെ തട്ടിതടഞ്ഞൊഴുകുമ്പൊ ഇച്ചിരിനേരം അതിലിറങ്ങാതെ പോരുന്നതെങ്ങനെ? 😜 അങ്ങനെ സീതേച്ചിപറഞ്ഞപോലെ പകുതിയോളം മ്മ്ളും വെള്ളത്തിലങ്ങനെ മുങ്ങികിടന്നു. സമയമാകുന്നെന്ന ഓർമ്മപ്പെടുത്തലിൽ തലയെടുപ്പോടെ വഴിയോരത്ത് കാത്തുനിൽക്കുന്നു ആനവണ്ടി... പിന്നീടങ്ങോട്ട് അതിരപ്പിള്ളിയും വാഴച്ചാലും പിന്നിട്ട് കാടുകേറുകയായി... ഇരുവശങ്ങളിലും ഈറ്റയും ഇല്ലിയും പേരറിയാമരങ്ങളും തഴച്ചുവളരുന്ന കാട്....😍തണുപ്പ് അരിച്ചിറങ്ങി (Natural AC)  വഴിയിൽ ഇടക്കിടെ ആനത്താരകൾ ഉണ്ടെന്നബോർഡുകൾ കാണാം. ആ യാത്രയിൽ ഞങ്ങളുടെ സൂപ്പർ ഹീറോസ് മ്മ്ടെ ആനവണ്ടിയുടെ സാരഥികളായ രഞ്ജിത്തേട്ടനും സുധീഷേട്ടനും തന്നെ. യാത്രയിലുടനീളം അവരുടെ കരുതലും സൂക്ഷ്മതയും, ഡ്രൈവിങ്ങ് നൈപുണിയും, അനുഭവകഥകളും ഞങ്ങളെ അത്ഭുതപ്പെടുത്തുകയായിരുന്നു. ഒരാനയുടെ തലയെടുപ്പോടെ നിൽക്കുന്ന മ്മ്ടെ ആനവണ്ടിയെ ഹെയർപിൻവളവുകളിൽ അനായാസം വളച്ചെടുക്കുന്ന കാഴ്ച്ച ഒന്നുകാണേണ്ടതുതന്നെ. ഇങ്ങള് പുലികളല്ല പുപ്പുലികളാട്ടോ 😍 

കാടിനുള്ളിലേക്ക് പോകുന്തോറും കാടനക്കങ്ങൾ കേട്ടുതുടങ്ങി. ചീവീടുകളുടെ കാതുതുളക്കുന്ന ശബ്ദം ഒരു പഴയ അട്ടപ്പാടി യാത്രയെ ഓർമ്മപ്പെടുത്തി. കണ്ണുകൾ ഇരുവശങ്ങളിലും പരതുകയായിരുന്നു. ‘ജ്യോതീം വന്നില്ല തീയും വന്നില്ല’ അങ്ങനെ വിഷമിച്ചിരിക്കുമ്പൊ ദാണ്ടേ റോഡിൽ ഒരുകൂട്ടം ആൾക്കാർ എന്തിനെയോ ചൂണ്ടികാട്ടുന്നു. മോനെ മനസ്സിൽ ലഡ്ഡുപൊട്ടി 🤩🤩 ഇത് ആനതന്നെ. ഞങ്ങൾ വണ്ടിയിൽനിന്നിറങ്ങി അവർക്കൊപ്പം കൂടി. ദാണ്ടെ ദൂരെ ഒരൊന്നൊന്നര ആനക്കുളി. കുഞ്ഞാനയെ നീന്തല് പഠിപ്പികയായിരുന്നെന്നിരിക്കണം തലമുതിർന്നവൻ. ഏതായാലും കാഴ്ച്ചകളിൽ ചിലത് പോട്ടത്തിലാക്കി മ്മ്ള് യാത്ര തുടർന്നു. കുറച്ചുകൂടി മുന്നോട്ട്പോയപ്പോ ഷോളയാറിനപ്പുറത്തെ മലയിൽ പൂഴിമണ്ണിൽ കുളിച്ചകരിവീരന്മാരുടെ കാഴ്ച്ച വൈലോപ്പിള്ളിയുടെ ‘സഹ്യന്റെ മകൻ’ ഓർത്തുപോയി 😘 

അങ്ങനെ ആനക്കൂട്ടത്തേയും, മയിലിനേയും മ്ലാവിനെയും കരിങ്കുരങ്ങിനയും കണ്ടങ്ങനെ നാല്മണിയോടുകൂടി മ്മ്ള് മലക്കപ്പാറയിലെത്തി. മലക്കപ്പാറയിലേക്ക് നമ്മെ സ്വാഗതം ചെയ്യുന്നത് ആദ്യം കാപ്പിത്തോട്ടങ്ങളും പിന്നെ കണ്ണെത്താദൂരത്തോളം പരന്നുകിടക്കുന്ന തേയിലക്കാടുകളുമാണ്. രഞ്ജിത്തേട്ടൻ വഴിയോരത്ത് വണ്ടിനിർത്തേണ്ടതാമസം തേയിലക്കാടുകൾക്കിടയിലൂടെ കാഴ്ച്ചകൾ കണ്ടും ചിത്രം പകർത്തിയും നാടോടിയിലെ ഓരോ പെൺപുലികളും മലക്കപ്പാറയിലെ മാലാഖകളായി 🧚‍♀️🧚‍♀️  കുറച്ചുകൂടി മൂന്നോട്ട് പോയപ്പോൾ മൂന്നോ നാലോ കടകളോടുകൂടിയ ഒരു ചെറിയ കവല. അവിടന്ന് ഉഷാറായൊരു കട്ടനും കുടിച്ച് യാത്ര റിവേഴ്സ് ഗിയറിട്ടു.

താണ്ടിയ ദൂരമത്രയും കാട്ടിലൂടെ തിരികെ.... ഇരുട്ട് കനത്തപ്പോൾ കാടിന്റെ വന്യത തെളിഞ്ഞുവന്നു. അരണ്ടവെളിച്ചത്തിൽ ഏതുനിമിഷവും കാട്ടുമൃഗങ്ങൾ വട്ടംചാടാം. മനുഷ്യനെക്കാൾ കൃത്യതയോടെ ബസ്സിന്റെ സമയം ഓർത്തുവെക്കുന്ന കാട്ടുമൃഗങ്ങളെക്കുറിച്ച് സുധീഷേട്ടൻ പറഞ്ഞപ്പൊ അത്ഭുതമാണ്തോന്നിയത്. ലാസ്റ്റ് ബസ്സും പോയെന്ന്കേട്ടപ്പോൾ സാഹസികത ഒരൽപ്പം ഇഷ്ടമുള്ള എന്നിലെ ചിത്തരോഗി ഉണർന്നു. റോഡിനിരുവശവും പരതി... ഒടുവിൽ ഒരു കുട്ടിആനയേയും അമ്മയേയും കണ്ട് നിർവൃതിയടഞ്ഞു🤓 (ജസ്റ്റ് മിസ്സേ...)


കാട്ടിലൂടെയുള്ള രാത്രിയാത്രകൾക്ക് യക്ഷികഥകളുടെ മേമ്പൊടിയുണ്ടങ്കിൽ അത് പൊളിക്കും. സുധീഷേട്ടന്റെ സൈക്കോളജിക്കൽ മൂവ് 👌🏻 യക്ഷിപാല കാണിച്ചുതന്നപ്പോൾ ഒന്ന് നടുങ്ങിയവരും കൂട്ടത്തിലുണ്ടെട്ടോ🙈🙈


സാഹസികതക്കൊടുവിൽ മ്മ്ടെ ആനവണ്ടി പത്തരയോടുകൂടി ആലുവയിലെത്തി. യാദൃശ്ചികമെന്നോണം വനിതകൾക്ക് രാത്രിയാത്രക്ക് അനുമതി കൊടുത്ത ദിവസം😏 പോകും വഴി പൊതുനിരത്തിൽ അവിടവിടെയായി പെൺകൂട്ടങ്ങൾ കാണാം. സത്യംപറയാല്ലോ അഭിമാനത്തോടയും തെല്ല് അഹങ്കാരത്തോടെയും ഞാനും രാജിമോളും പരസ്പരം പറഞ്ഞു നമമളോടോ ബാലാ😜😜😜

മറക്കാനാകാത്ത നല്ലൊരു യാത്ര സമ്മാനിച്ചതിനും, ഹൃദയത്തിൽ ചേർത്ത് നിർത്താൻ ഒരേമനസ്സുള്ള ചങ്ങായീസിനെ തന്നതിനും “നാടോടി” പെരുത്ത ഇഷ്ടം😍😍😘😘