Friday, 17 January 2020

ഇന്നലെകളിലെ ഓർമ്മകളും
നാളെയുടെ സ്വപ്നങ്ങളും
പങ്കുവെച്ചുകഴിഞ്ഞെങ്കിൽ...
നിങ്ങൾ ഒരു നിമിഷം
ജനറൽ ആശുപത്രിയിലെ,
ക്യാൻസർ വാർഡിൽ ഒന്ന് ചെല്ലണം.
കാണാം ശീതീകരിക്കപ്പെട്ട മുറിയിൽ
നിശ്ചലമായ കാലം.
കബോഡുകൊണ്ട് മൂന്നായ് തിരിച്ച വാർഡിൽ
ചിറകറ്റ ജീവിതങ്ങൾ ചിതലരിക്കുന്നു.
അവിടെ മരണം നിത്യസന്ദർശകൻ
മോർഫിനും ആസ്പിരിനും 
തോതുകൂട്ടി പരീക്ഷിക്കുമ്പോഴും
ഡെമോക്ലീസിന്റെ വാൾ തലക്കലാടുന്നു.
മതങ്ങളും പ്രത്യയശാസ്ത്രങ്ങളും
തമ്മിൽ കലഹിക്കാറില്ലവിടെ.
ഭീതിയും നിസ്സഹായതയുംകൊണ്ട്
ചിരിക്കാൻ മറന്ന മുഖങ്ങൾ മാത്രം
മയക്കത്തിലേക്ക് തെന്നിവീഴുമ്പോൾ
ഞെട്ടി ഉണരുന്നത് 
ഇരവിന്റെ മറവിൽ മരണം കവർന്ന
ആർക്കോവേണ്ടിയുള്ള കരച്ചിൽ കേട്ട്
ഞെട്ടറ്റുവീഴുന്ന ജീവന്റെ തിരുശേഷിപ്പുകൾ
മറവികടമെടുത്താലും മായ്ക്കാനാവാത്ത ഓർമ്മകൾ....
ഇന്നലെ കണ്ടവർ ഇന്നില്ലയെന്നതും
നാളെയെന്താകുമെന്നറിയാത്ത വ്യാധിയും
ആത്മവിശ്വാസം കെടുത്തുന്നു പലരിലും.
ആശ്വാസവാക്കുകൾക്കിടമില്ല 
എങ്കിലും പറയുന്നതിത്രമാത്രം
“ഈ നിമിഷവും കടന്നുപോകും”




No comments: