Tuesday, 26 January 2016

ജീവിതത്തിന്റെ കുരുതിക്കളത്തിൽ
സ്വപ്നങ്ങളെ തനിച്ചാക്കി ഞാൻ മടങ്ങട്ടെ...
നരബലി എത്ര നിസാരം!
ഇന്ന് നീയെന്റെ ഏത് സ്വപ്നത്തെയാണ്
കുരുതിക്ക് മൂർച്ചചേർത്ത വാളാൽ തലോടുന്നത്???

Sunday, 17 January 2016

ശ്യാമരാധ

കൂരിരുൾ നിറഞ്ഞൊരീ ജീവിത നൗകയിൽ
കൂട്ടിനായെത്തിയ മിന്നാമിനുങ്ങുനീ
മൂകാന്ധകാരത്താൽ നീറുന്ന ഹൃത്തില-
ന്നൊരു മഞ്ഞുതുള്ളിയായ് നീ പതിഞ്ഞു
എന്നിലെ എന്നെ ഞാൻ നിന്നിൽ തിരയവേ
മൗനത്താലെന്നെ നീ കീഴടക്കീ
സ്വപ്നങ്ങളില്ലാത്തോരെൻ ചിത്തവീഥിയിൽ
മാരിവിൽ വർണ്ണങ്ങൾ നീ വിതറി
പേമാരി തോരാതെ ചൊരിയുമായാമത്തിൽ
നീയെന്നെ പൊതിയുന്ന കമ്പിളിയായ്
സിരകളിൽ അഗ്നിയായ് ആളിപ്പടർന്നു നീ
പ്രാണനിൽ നിറയുന്ന ജീവപരാഗമായ്
ഒടുവിലാക്കണ്ണനെ പോലെനീയെന്തിനോ-
എന്നെയുപേക്ഷിച്ചകന്നു നിന്നു
കരയാതെ കുന്നിക്കുരുവും പിറക്കിനാൾ
എത്രയോ ഞാനന്ന് തള്ളിനീക്കി
എന്റെ ശ്വാസം നിന്നിലലിയും വരേക്കുമെൻ-
തന്ത്രിയിൽ നീ വിരൽ മീട്ടും വരേക്കും ഞാൻ
കാത്തിരിക്കാം ഒരു രാധികയായ്
ഘനശ്യാമരാധയായ്....

Saturday, 16 January 2016

ദേവി

താമരയിങ്കലിരിക്കുന്ന ദേവീ...
വീണ വായിച്ചിരിക്കുന്ന ദേവീ...
അന്നത്തിനായ് കേണീ ടുന്നവർ-
ക്കന്ന ദാനേശ്വരിയായ ദേവീ
ജനനിയും ലക്ഷ്മിയും നീ തന്നെ മായേ
അറിവിൻ പ്രവാഹവും നിന്നിൽ നിന്നല്ലേ...
സൃഷ്ടിയും സംഹാരവും നീ തന്നെ
സത്യവും നീതിയും നീ തന്നെയല്ലേ
നിന്നോടടുക്കുന്ന ഭക്ത മനസ്സിൽ
അനുഗ്രഹാശ്ശിസ്സുകൾ നീ നിറക്കുന്നു
നിന്നെ പ്രണമിക്കും ദാസികളിലൊരുവൾ ഞാൻ
നിന്നോടടുക്കുന്ന നിനവതിലൊന്നു ഞാൻ
ഏന്നുമെന്നമ്മതൻ പാദങ്ങൾ ചുമ്പിക്കും
താമരയായലതെന്റെ പുണ്യം
അമ്മതൻ പാദങ്ങൾ നിത്യം കഴുകുന്ന
ദാസിയായ്‌ തീർന്നാലുമെന്റെ പുണ്യം

Tuesday, 12 January 2016

ബാല്യകാല സ്മരണകൾ

മറവിതൻ മാറാല മെല്ലെത്തുടച്ചു ഞാൻ
തിരയുകയാണെന്റെ പോയകാലം
ഓർക്കുന്നു ഞാനെന്റെ ബാല്യകാലം സഖേ-
സ്മരണകൾ കതിർത്തൊരാ സുവർണ്ണകാലം
പല്ലുകൊഴിഞ്ഞൊരെൻ മുത്തശ്ശൻതൻ-
കൈവിരൽത്തുമ്പിൽ പിടിച്ചുനടന്നതും
മഞ്ചാടിമണികൾ സ്വരൂപിക്കാനായിട്ടു
കൂട്ടരോടൊപ്പം മലമേലെപ്പോയതും
പിഞ്ചിളംകാലിൽ മുള്ളുതറച്ചപ്പോൾ
മുത്തശ്ശി ഓടിവന്നെന്നെയെടുത്തതും
ഇന്നലെയെന്നതു പോലെഞ്ഞാനോർക്കുന്നു
മറക്കാതിരിക്കുവാൻ വീണ്ടുമാശിക്കുന്നു
മണ്ണപ്പം ചുട്ടുകളിക്കുന്ന നേരത്ത്
അപ്പുപ്പനെ കൊണ്ട് അപ്പം തീറ്റിച്ചതും
കാച്ചിലിലക്കുള്ളിൽ കല്ല്‌ പൊതിഞ്ഞു ഞാൻ
മുത്തിയാമമ്മക്ക് തിന്നാൻ കൊടുത്തതും
അങ്ങനെയുള്ളൊരാ കൊച്ചു വികൃതികൾ
ഇന്നെന്റെ നെഞ്ചിലെ മധുരസ്മരണകൾ
ധരണിയിൽ ഞാൻ ജനിച്ചാദുർനിമിത്തത്തി-
ലെന്നമ്മ ധാത്രിയിൽ നിന്നകന്നൂ
താളത്തിൽ പിച്ചഞ്ഞാൻ വെച്ചൊരാനേരത്തെൻ
അച്ഛനും എന്നെവിട്ടെങ്ങോപോയി...
പിന്നെയാ ലോകത്തെനിക്കു സ്വന്തം
എൻ മുത്തശ്ശനും മുത്തിയമ്മയും മാത്രം

കാലം കടന്നുപോയ് മുത്തശ്ശൻ പിന്നാലെ
മുത്തശ്ശിയും ചെങ്കനലിൽ ദഹിച്ചുപോയ്
ഓരോരോ സ്മരണകൾ അയവിറക്കുമ്പോഴും
'ഉണ്ണീ....' എന്നുള്ള മൊഴികളെൻ കാതിൽ
കാറ്റായ്....കടലായ്... അലയടിക്കുന്നു....

Monday, 11 January 2016

നിശ്ശബ്ദത

ഓർമ്മകളിൽ ഭ്രാന്തമായ ചിന്തകൾ
ചിന്നിചിതറുന്നു...
ഇന്നെലകളുടെ പേക്കൂത്ത് ഇന്നിന്റെ-
താളത്തിനൊത്ത് ചുവടുവെക്കുമ്പോൾ
എന്റെ ചുടലയിൽ....
ആഗ്നിഗോളങ്ങൾ അലറുന്നു.
നിശ്ശബ്ദതക്ക് പിച്ചാത്തിയേക്കാൾ
മൂർച്ചയേറുന്നു....
ചിന്തകൾ നെരിപ്പോടായ് നീറുന്നു..
ആരോ വലിച്ചെറിഞ്ഞ പിഞ്ഞാണം
നിലത്ത് ചിതറിത്തെറിച്ച്....
എന്റെ നിശ്ശബ്ദതയെ കീഴടക്കി
ഒടുവിൽ.....
സ്വയം നിശ്ശബ്ദമാകുന്നു.

Tuesday, 5 January 2016

സുഹൃത്തേ നമുക്ക് പിരിയാം
നമ്മുടെ സ്നേഹബന്ധം ഒരുടമ്പടി ഇല്ലാത്തത്
ഒരു മുദ്രപ്പത്രവും ഞാനെഴുതി വാങ്ങിയിട്ടില്ല
ഇന്നെലകളുടെ തിരുശേഷിപ്പുകൾ ഒന്നുമില്ല
നീയും ഞാനും സ്വതന്ത്രർ....
പരസ്പരം പങ്കുവെച്ച സ്വപ്‌നങ്ങൾ
പറയാതെ പകുത്തുവെച്ച വാക്കുകൾ
പരിഭവങ്ങൾ...പരാതികൾ ഒക്കെയും
ഇന്ന് നിലക്കട്ടെ....
ഹൃദയത്തിൽ കോറിയിട്ട മുറിവുണക്കാൻ
നിന്റെ ഓർമ്മകളെ കടമെടുക്കാതെ
എന്റെ കണ്ണീരുകൊണ്ടവയിൽ
കുത്തിനോവിച്ച് രസിക്കട്ടെ ഞാൻ
വിയോഗം വിഷാദമായ് ഇന്നത്‌....
ഉന്മാദമാകുന്നു....
ജീവിതത്തിന്റെ ഭ്രാന്ത്...

Monday, 4 January 2016

ഗന്ധർവ്വൻ

സ്മരണതൻ സുന്ദര ഭൂവിൽ നീയൊരു
ഗന്ധർവ്വനായെന്നെ തേടിയെത്തി
അഞ്ചിതൾ ചെമ്പകം പൂത്തീടവേ
എന്നെന്നും നീയെന്നെ തേടിയെത്തി
ചെമ്പകപൂമണ ഗന്ധം പകർന്നുനീ-
എന്നെ നിൻ ജീവന്റെ ജീവനാക്കി
സന്ധ്യതൻ യാമങ്ങളിൽ
നീയിളം കാറ്റായെത്തി
രാവിൻ കുളിരാർന്ന നിമിഷങ്ങളിൽ
നീയെൻ ജീവനാം തോഴനായി
ചന്ദ്രനും ആമ്പലും താരാഗണങ്ങളും
നമ്മുടെ പ്രണയത്തിൻ സാക്ഷികളായ്
മിഴിയിൽ നിൻരൂപവും നിനവിൽ നിന്നോർമ്മയും
കൊണ്ടുഞാൻ നിന്നെയും കാത്തിരുന്നു
മഴയെപ്പോലിന്നുഞാൻ സ്നേഹിച്ചു നിന്നെയെൻ
ദേവനെപ്പോലെ ഞാനാരാധിച്ചു
നീ തന്നോരായിരം ഓർമ്മകളുമായി
ഇനിയും ഞാൻ നിന്നെയും കാത്തിരിപ്പൂ.