Saturday, 29 February 2020

ചിരിയുടെ നാനാർത്ഥങ്ങൾ

ചിരി നാനാർത്ഥങ്ങളിൽ 
നിറഞ്ഞാടുകയാണ്
ആദ്യ ചിരി വാത്സല്ല്യം പാലൂട്ടിയ 
അമ്മയിൽ കണ്ടു
കുസൃതികാട്ടി ഓടിമറഞ്ഞനാൾ
നീട്ടിയവടിയാൽ ഓടിയെത്തി
സ്നേഹത്താൽ ബന്ധിച്ച മാതൃത്വത്തിൽ 
വാത്സല്ല്യപുഞ്ചിരിയായിരുന്നു...
വാത്സല്യവും വിയർപ്പും കൂട്ടിക്കുഴച്ച 
അച്ഛന്റെ ഒരുരുള ചോറിൽ
ചിരിക്ക് മറ്റൊരുമുഖം...
നീട്ടിയകരവും ഒട്ടിയവയറുമായ്
തെരുവിലലയുന്ന പിഞ്ചിളം ചുണ്ടിലും 
ഒരുചിരി...
ഹൃദയത്തിലൊരുപാട് ഓർമ്മകൾ വിതറി
എന്നോ മറഞ്ഞ കാമുകിയുടെ ചിരിക്ക്
ഉടയുന്ന കുപ്പിവളകളുടെ ശബ്ദം...
ബസ്റ്റാൻഡിലെ തിരക്കുകളിൽ
തെന്നിനിന്ന ചായംതേച്ചചുണ്ടുകളിൽ
വശ്യതയാർന്ന ചിരിയുടെ ലാഞ്ചന...
ജീവിതത്തിന്റെ പാതയോരത്തെന്നോ
കാലൊന്നുവഴുതിയപ്പോൾ
ചുറ്റും കൂടിനിന്നവർ തൊടുത്തത്
പരിഹാസത്തിന്റെ മുനയുള്ള ചിരിയമ്പുകൾ.
ഒടുവിൽ........
ഈ മരണശയ്യയിൽ
എനിക്ക് കൂട്ടായ് നിന്നതും ഒരുചിരി
കർക്കിടകത്തിന്റെ കറുത്ത നാളുകളിൽ
കടവാവലുകളുടെ അട്ടഹാസം പോലൊരുചിരി.

Wednesday, 26 February 2020

ഓണം

തൊടിയിലെ പൂക്കൾക്കെന്തു ചന്തം 
എന്റെ ഇത്തിരിതുമ്പക്കെന്താഘോഷം 
ആഷാഡ മേഘം പെയ്‌തോഴിഞ്ഞു 
വാനിൽ പൊന്നിൻ പുലരി കണ്‍ചിമ്മീടവേ 
പഞ്ചവർണ്ണക്കിളി പെണ്ണിന്റെ പാട്ടീ-
പാടവരമ്പിൽ‍ നിറഞ്ഞീടവേ (തൊടിയിലെ) 
ഇലച്ചാർത്തിലൂടെന്റെ സൂര്യൻ തങ്ക-
വിരലാല്‍ തൊട്ടെന്നെയുണർത്തി പരിഭവം ചുണ്ടിൽ നിറച്ചു ഞാനെൻ ജാലകപടിയില്‍ മറഞ്ഞുനിന്നു അനുവാദമോദാതെ വന്നൊരാതെന്നലി- ന്നാർദ്രമായെന്തോ പറഞ്ഞു (തൊടിയിലെ) 
കതിരോൻ തേരിലേറീ
ഇളയോ പൂത്തുലഞ്ഞു മഞ്ഞക്കുറികൂട്ടണിഞ്ഞവൾ മുക്കുറ്റി
കാക്കപ്പൂവോട് കിന്നരിക്കേ
ഒരോ മലരിതൾ തുമ്പിലും തുമ്പികൾ
ഓണമേ നിന്നെ നിറച്ചു
ഓണമേ നിന്നെ നിറച്ചു... 

Tuesday, 25 February 2020

എറുമ്പ് ധാന്യം കരുതുംപോലെ

ഞാൻ ചേർത്തുവെച്ച 

ചിലതുണ്ടെന്റെ അലമാരയിൽ

ഓരോ മനുഷ്യനും 

ഒരായിരം കഥകളാണെന്ന്

പറഞ്ഞുതന്ന കിത്താബുകൾ...

Thursday, 20 February 2020

കരിപിടിച്ച രാവുകളെ

അവനിടങ്ങളിലേക്ക് പറിച്ചു നട്ടിട്ടും

പൂക്കാത്ത പകലുകൾ

ബാക്കിയാകുന്നു...

അന്തിത്തിരി കത്തിതീർന്ന 

മണ്ണെണ്ണ വിളക്കിൽ

ഈയാം പാറ്റകൾ

തലതല്ലി ചാവുമ്പോഴും

പേറ്റുനോവറിയാതെ

വിത്തുറങ്ങുന്നുണ്ട് മണ്ണിൽ...

Wednesday, 12 February 2020

വാക്കുകൾ

ഉരുവിട്ട വാക്കുകളേക്കാൾ ആഴം പറയാതെ നിർത്തുന്ന ശബ്ദങ്ങൾക്കുണ്ട് 

മനസ്സിൽനിന്ന് നാവിലേക്ക് 

പിന്നെ കാതുകൾപിന്നിട്ട് ഹൃദയത്തിലേക്കും

തെറിച്ച് വീഴുന്നതുകൊണ്ടാവാം

പകർത്തെഴുത്തിനൊടുവിൽ  പൊരുളുകൾക്ക്

തീവ്രത കുറയുന്നത് 

ശക്തി ചോർന്നുപോകുന്നത്..

നിശ്ശബ്ദത പലപ്പോഴും ചുട്ടുപൊള്ളിക്കുന്ന കവചകുണ്ഡലങ്ങളാകുന്നു !!




Tuesday, 11 February 2020

തെയ്യക്കാഴ്ച്ചകൾ

വടക്കിന്റെ മണ്ണിലിപ്പം തെയ്യങ്ങൾ പൂക്കുന്ന കാലമാണ്. കളിയാട്ടം കാണാൻ നാട്ടിൽ പോയാലോയെന്ന് തലശ്ശേരിക്കാരിയായ ചങ്ങായി RJ Manjusha Manoharan ചോദിച്ചപ്പൊ പിന്നൊന്നും നോക്കീല ബാഗും പാക്ക്ചെയ്ത് ഹോസ്റ്റലിന്റെ പടിയിറങ്ങി. പണ്ട് തൊട്ടെ ഉള്ളിലുള്ള പൂതിയാണ്  ഇരുൾവീണ കാവിൽ മരംകോച്ചുന്ന തണുപ്പിൽ അരണ്ടവെളിച്ചത്തിൽ കടുംവർണ്ണങ്ങളിൽ നിറഞ്ഞാടുന്ന തെയ്യാട്ടം കാണണമെന്നുള്ളത്. ഒരു ശരാശരി കൊച്ചിക്കാരിയായ മ്മ്ക്ക് ഇത്തരം തെയ്യക്കാഴ്ച്ചകൾ ഒരു വിദൂര സ്വപ്നം മാത്രമായിരുന്നു. അങ്ങനെ, ഇങ്ങനെയൊരു തെയ്യക്കാലത്ത് മഞ്ജുഷക്കും അമ്മക്കും കുട്ടികൾക്കുമൊപ്പം മലബാറിന്റെ മണ്ണിലേക്ക് മ്മ്ളും യാത്ര തിരിച്ചു 🚂 

കോഴിക്കോട് പിന്നിട്ടപ്പൊ കണ്ടുതുടങ്ങിയ കണ്ടൽക്കാടുകൾ കല്ലേൻ പൊക്കുടൻ എന്ന കണ്ടലിന്റെ പിതാവിനെ ഓർമ്മിപ്പിച്ചു. ഹരിസാറിന്റെ ക്ലാസ്സിലാണ് പൊക്കുടനെക്കുറിച്ച് ആദ്യം കേൾക്കുന്നത്. ഇദ്ദേഹത്തെ നിങ്ങൾക്കറിയില്ലെ പിള്ളേരേന്ന സാറിന്റെ ചോദ്യവും തുടർന്നുള്ള വിശദീകരണവും അന്ന് കൗതുകത്തോടെ കേട്ടിരുന്നു. കൗതുകം ലേശം കൂടിയതുകൊണ്ടാകണം കോഴ്സിന്റെ അവസാനകാലം തീസിസ് ചെയ്യാൻ തീരുമാനിച്ചതും കണ്ടലുതന്നെ. ഈ വിഷയം എടുക്കാൻ തന്നെ നിശ്ചയിച്ചത് പൊക്കുടനെ കാണാൻ ഏഴോമിലേക്ക് വണ്ടികേറണമെന്ന് ഉറപ്പിച്ചിട്ടാണ്. അന്ന് ജീനമ്മക്കൊപ്പം Rj Jeena Mariya ആ യാത്ര ആഘോഷമാക്കി ❤️

ഏകദേശം ഒരു ഉച്ചഉച്ചരയോടുകൂടി മ്മ്ള് മഞ്ജുമ്മേടെ ‘സാരംഗി’ യിലെത്തി. കടിഞ്ഞൂൽ കല്ല്യാണത്തിലെ ഉർവ്വശിയെപ്പോലെ ഓള് നാടും പള്ളിക്കൂടവും പണ്ട് മാങ്ങക്കെറിഞ്ഞ കല്ലുംവരെ കാട്ടിത്തന്നു 😜😜 
ശേഷം കാവിലേക്ക്....

പ്രകൃതിയെയും മനുഷ്യനേയും ഇഴചേർക്കുന്ന ദ്രാവിഡ സംസ്‌കാരത്തിന്റെ ശേഷിപ്പുകളാണ് തെയ്യക്കാവുകള്‍. അധഃസ്ഥിതന്റെ രോഷാഗ്നിയില്‍ നിന്നാണ് ഓരോ തെയ്യവും ഉയിർകൊള്ളുന്നത്. അതിനാൽ, ഇവിടത്തെ ആചാരങ്ങളും ഈ പശ്ചാത്തലത്തിലുള്ളതാണ്. ഓള് ഓരോ തെയ്യത്തെക്കുറിച്ചും, അതിന്റെ ഐതിഹ്യത്തെക്കുറിച്ചും ചുരുങ്ങിയ സമയംകൊണ്ട് വിശദമായിത്തന്നെ പറഞ്ഞ്തന്നു.  ജീവിതാവസ്ഥകളോട് കലഹിച്ചവരും നാട്ടരചന്മാരുടെ ചതിയിൽപ്പെട്ടവരും ജീവിതത്തിൽ ദുരന്തം നേരിട്ടവരുമായ വ്യക്തികളാണ് തെയ്യപ്പുരാവൃത്തത്തിൽ കൂടുതലും. ഇവിടത്തെ പ്രധാനദേവതയായ മുച്ചിലോട്ട് ഭഗവതിയുടെ ചരിത്രവും അങ്ങനെതന്നെ.
ആരാധനാലയങ്ങളിൽ ദൈവത്തിന്റെ ഇടനിലക്കാരനായി വെളിച്ചപ്പാടോ പൂജാരിയോ പുരോഹിതനോ എത്തുമ്പോൾ, തെയ്യാനുഷ്ഠാനത്തിൽ ദൈവം നേരിട്ട് ഭക്തരുടെ അടുത്തെത്തുകയാണ്. സങ്കടം കേൾക്കുകയും ചുമലിൽതട്ടി ആശ്വസിപ്പിക്കുകയും പരിഹാരം നിർദേശിക്കുകയും ചെയ്യുന്ന ദൈവം 💚
തോറ്റംപാട്ടിന്റെ ഈണവും, നാടിന്റെ ചരിത്രവും ആചാരത്തിന്റെ പശ്ചാത്തലവും ചടുലതാളവും ഉൾക്കൊണ്ട് ദൈവത്തിന്റെ പ്രതിരൂപമായാണ് തെയ്യക്കോലങ്ങളുടെ പ്രത്യക്ഷപ്പെടൽ. 

മ്മ്ള് കാവിലെത്തിയപ്പൊ വെള്ളാട്ടം നടക്കുകയാണ്. തെയ്യത്തിനുമുമ്പായി നടത്തുന്ന ഒരു അനുഷ്ഠാനമാണ് വെള്ളാട്ടം.
ഇത് തെയ്യത്തിന്റെ ബാല്യരൂപമാത്രെ. പ്രധാന വ്യത്യാസം മുടിയിലാണ്‌. വെള്ളാട്ടത്തിന്‌ തിരുമുടിയില്ല. ചെറിയ മുടിമാത്രം. വെള്ളാട്ടം തെയ്യരൂപമായി വരുമ്പോഴാണ്‌ തിരുമുടി ധരിക്കുന്നത്. തെയ്യം എന്ന സങ്കല്പം പൂർണ്ണത കൈവരിക്കുന്നത് തിരുമുടി ധരിക്കുന്നതോടു കൂടിയാണത്രെ. ഉറഞ്ഞാടലും ഉരിയാട്ടവും എല്ലാം നടത്തുന്നത് തിരുമുടി ധരിക്കുന്നതോടെയാണ്‌. വെള്ളാട്ടം കഴിഞ്ഞ് രാത്രി തിരികെ സാരംഗിയിലേക്ക് പോകുമ്പൊ സംസാരത്തിലുടനീളം കുട്ടിക്കാലത്തെ ഓർമ്മകളായിരുന്നു. 

പിറ്റേന്ന് രാവിലെതന്നെ കാവിലെത്തി. കനലാട്ടത്തിനുള്ള മരക്കഷ്ണങ്ങൾ യഥാവിധിപ്രകാരം തീകൊളുത്തുന്നു. ആദ്യം പോതിതെയ്യമാണ് (പുതിയ ഭഗവതി).
കണ്ണിൽ മഷി, മുഖത്തും ദേഹത്തും മനയോലയും ചായില്യവും ചാലിച്ചത്. നെറ്റിയിൽ മൂന്ന് വരക്കുറി. ചെവിതൊട്ട് താടിവരെ മൂന്ന് കുറി. തലയിൽ വെള്ള കെട്ടും. അതിനു മുകളിൽ തലപ്പാളി. അതിനും മുകളിൽ പോതിപ്പട്ടം. രണ്ടുകൈയിലും മുരിക്കിൽ തീർത്ത നാലുകൈവളകൾ. അരയിൽ ചുവന്ന പട്ട്. കാലിൽ ചിലമ്പ്.. ഇടശ്ശേരിയുടെ പൂതപ്പാട്ടാണ് ഓർമ്മയിലെത്തിയത്. ശേഷം മുച്ചിലോട്ടു ഭഗവതിയുടെ ഉപദേവതകളായ കണ്ണങ്ങാട്ട് ഭഗവതിയും നരമ്പിൽ ഭഗവതിയും പുല്ലൂരാളിയുമൊക്കെ രംഗത്തെത്തി. ഓരോ തെയ്യാട്ടവും ഒന്നിനൊന്ന് മിഴിവാർന്നത്. ഒടുവിൽ എല്ലാവരും കാത്തുനിന്ന തമ്പുരാട്ടിയുടെ എഴുന്നള്ളത്ത്... തിരുനടയിൽ എരിഞ്ഞമർന്ന കനലിൽ കോമരം ഉറഞ്ഞുതുള്ളുമ്പോൾ പിൻഭാഗത്ത് തെക്കേത്തറയിൽ മുച്ചിലോട്ടമ്മക്ക് മുടിനിവരുകയായി. മുച്ചിലോട്ടമ്മയുടെ കഥകേട്ടപ്പോൾ മുതൽ ഉള്ളിലൊരു നീറ്റലായിരുന്നു. 
അറിവുകൊണ്ട് വിജയം നേടിയപ്പോൾ അപവാദ പ്രചരണം നടത്തി സമൂഹം ഭ്രഷ്ട് കൽപ്പിച്ചതിനാൽ, അപമാനഭാരത്താൽ അഗ്നിയിൽ ജീവൻ ഹോമിച്ച വിദ്യാസമ്പന്നയായ കന്യകയാണ് മുച്ചിലോട്ടമ്മ. എരിഞ്ഞമർന്ന അഗ്നിയിൽ നിന്ന്  ദൈവത്വത്തിലേക്ക് ഉയിർകൊണ്ട് മുച്ചിലോട്ട് ഭഗവതിയായി. ഇതുവരെ കണ്ടതിൽവെച്ച് ഏറ്റവും വലിയ തെയ്യം. സർവ്വാഭരണവിഭൂഷിതയായ സുന്ദരി ❤️
മുച്ചിലോട്ട് ഭഗവതിയെപ്പോലെ ലാവണ്യമുള്ള തെയ്യം വേറെയില്ല എന്നാണു പറയപ്പെടുന്നത്. കണ്ണും മനസ്സും നിറച്ച് തെയ്യാട്ടം കണ്ടു. ഒടുവിൽ മുച്ചിലോട്ട് ഭഗവതി വിടചോദിക്കുമ്പോൾ കാവിലെത്തിയ ഓരോമുഖത്തും ദുഖം നിഴലിക്കുന്നു. കല്ലിൽനിന്ന് നമ്മിലൊരാളായി നമുക്കിടയിലേക്കിറങ്ങിവന്ന ദൈവരൂപം നേരിന്റേയും നെറികേടിന്റേയും കഥ പകർന്നാടുമ്പോൾ മ്മ്ളോട് പറയാതെപറയുന്നതും ഇതുതന്നെയാവാം തത്ത്വമസി.

Saturday, 1 February 2020

നീ മറഞ്ഞുവോ നിലാവിൻ  സ്നേഹചന്ദ്രികേ അറിഞ്ഞിടാതെയെൻ പ്രാണനൊമ്പരം  

നീയെങ്ങുപോയാലും മായാതെ എന്നുമെൻ  

കരളിൽ  തെളിയുന്നു നിന്നോർമ്മകൾ 

പൂർവ്വജന്മ സുകൃതമായ് 

അന്ന് നീ വന്നപ്പോൾ  

നീയെനിക്കെന്നു ഞാൻ നിനച്ചുപോയി... 

ഞാൻ പോലുമറിയാതെ 

ഇന്നെന്റെ പ്രാണനിൽ 

പിരിയാത്തൊരീണമായ് അലിഞ്ഞവളെ

മുകിലിന്ന് മായുകില്ലേ....

നീ മുന്നിൽ വന്നിടില്ലേ.... 

എൻ സ്വപ്നമായ് സഖിയെത്തുമോ.... ഞാനുണുർന്നിരിപ്പു രാവി്‍ൽ

കിളി കൊഞ്ജലായ് എന്നിലലിയുമോ കാതോർത്തിരിപ്പു മൂകം...

ഒരുനാളാശിശിരത്തിൽ 

മുകിൽ പോലുമറിയാതെ  

നീയെന്റെ കുടിലിലായ് വിരുന്നുവന്നു 

അതുവരെ ഞാൻ കണ്ട കനവുകളൊന്നായെൻ 

സഖിനിൻ രൂപത്തിൽ നിറഞ്ഞു നിന്നു

ആർദ്രതേ വിഷാദയായ് 

നീ ദൂരെ മായുവതെന്തിനോ... 

എന്നെവിട്ടകലങ്ങളിൽ  

മാഞ്ഞുപോകുവതെന്തിനോ... 

എൻ സ്വപ്നമേ... പ്രിയ ഗീതമായ് 

ഈ പ്രാണനിൽ നീ നിറയുമോ...