Monday, 13 July 2015

കവിതകൾ ജനകീയമാകുമ്പോൾ

         
കൊച്ചി:സാഹിത്യത്തിൽ വായനയും, കാഴ്ചയും കേൾവിയും  സമന്വയിക്കുന്ന, രാജ്യത്തെ ആദ്യത്തെ പോയട്രി ഇൻസ്റ്റലേഷന്  എറണാകുളം ദർബാർഹാൾ സാക്ഷ്യം വഹിച്ചു. ജൂണ്‍ 23 മുതൽ 27 വരെ നീണ്ടു നിന്ന ഈ ദൃശ്യ - ശ്രാവ്യ വിരുന്നിൽ എസ്.കലേഷ്‌ ,അജീഷ്ദാസൻ എന്നീ യുവകവികളാണ് തങ്ങളുടെ കവിതയ്ക്ക് വായനക്കപ്പുറം ആസ്വാദനത്തിന്റെ പുതിയ തലം അനുഭവവേദ്യമാക്കിയത് .
      ശബ്ദ മിശ്രണരംഗത്തും, കലാരംഗത്തും ശ്രദ്ദേയരായ ഒരു പറ്റം സുഹൃത്തുകളുടെ സഹായത്തോടെ കവിതയ്ക്ക് ഒരു പുതിയ മാനം നല്കുകയായിരുന്നു ഈ 'പോയട്രി  ഇൻസ്റ്റലേഷൻ'. ദൃശ്യത്തിലൂടെയും ശ്രാവ്യത്തിലൂടെയും സഹൃദയ ഹൃദയത്തിൽ ഇടം നേടാൻ ഈ കവിതകൾക്ക്  കഴിഞ്ഞു എന്നു വേണം പറയാൻ.
                അജീഷ് ദാസന്റെ 'ദേശീയ മൃഗം' പ്രമേയത്തിന്റെ പുതുമ കൊണ്ടും, ലാളിത്യം കൊണ്ടും വ്യത്യസ്തമാണ് . ജീവിതത്തിന്റെ യാഥാർത്ഥ്യവും, പൊങ്ങച്ചത്തിന്റെ പുറം പാളികളും ഈ കവിത അനുവാചകന് തുറന്നു കാട്ടുന്നു. കുതിരയെ ദേശീയ മൃഗമായി പ്രതിഷ്ടിക്കുന്ന കവിത ഐറണികൾ കൊണ്ട് സമ്പന്നമാണ്. പച്ചയായ ജീവിത സാഹചര്യങ്ങൾ മറന്നു പാരമ്പര്യത്തിൽ മേനി നടിക്കുന്ന കുതിര പൊങ്ങച്ചത്തിന്റെ പ്രതീകമാണ് . കലുഷിതമായ സമകാലിക രാഷ്ട്രീയത്തിന് നേർക്കുള്ള ചാട്ടവാറടിയായ്  ദേശീയ മൃഗത്തെ കാണാം.
     
              എസ്. കലേഷിന്റെ 'ശബ്ദ മഹാസമുദ്രം' നിരവധി ചോദ്യങ്ങളുടെ ഉത്തരം തേടലാണ് . ഉറക്കെ സംസാരിച്ചിരുന്ന ഒരുവൻ നിശ്ശബ്ദനായപ്പോൾ അവനെ വേട്ടയാടുന്ന ശബ്ദങ്ങളുടെ ഇരമ്പലാണീ കവിത. കാറ്റിന്റെ മർമ്മരവും, ഉണക്കാനിട്ട വസ്ത്രങ്ങളുടെ അടക്കം പറച്ചിലും, കൂകിപ്പാഞ്ഞെത്തുന്ന തീവണ്ടിയുടെ ആരവവും, ദേശാടന പക്ഷി കൊണ്ടുവന്ന വിത്തിൽ നാമ്പിടുന്ന തളിരിന്റെ  നാദവും.....ഒടുവിൽ ......എല്ലാം ഒടുങ്ങുന്ന കടലിന്റെ ഇരമ്പലും 'ശബ്ദ മഹാസമുദ്രത്തിൽ' ഉൾച്ചേരുന്നു. എല്ലാം പ്രതീകങ്ങളായി ഹൃദയത്തിൽ നിറയുന്നു. 
 കവിയുടെ ഭാവനക്കിണങ്ങും വിധം കവിതകളുടെ ശബ്ദ മിശ്രണം നിർവ്വഹിച്ചത്‌  ബോളിവുഡ സൗണ്ട്  ഡിസൈനർ  രംഗനാഥ് രവിയും,  ഇൻസ്റ്റലേഷൻ ആശയസാക്ഷാത്ക്കാരം വിനോദ് കൃഷ്ണയും ആണ്.വായിച്ചും കേട്ടും മനസ്സിലാകാത്തവ കണ്ടും ചിന്തിച്ചും ആസ്വദിക്കാൻ ഇൻസ്റ്റലേഷനിലൂടെ കഴിയുന്നു. ഉടൽ പാതിപകുത്ത കുതിരയും, മൈക്കുടലും കാണികൾക്ക് അവിസ്മരണീയം. ഗബ്രിയേൽജോസെഫിന്റെ സംവിധാനത്തിൽ, വിജയകരമായ ഈ ഉദ്ദ്യമത്തിൽ,  കവികൾ ഗാംഭീര്യമാർന്ന ശബ്ദത്തിൽ തങ്ങളുടെ കവിതകൾ ചൊല്ലിയിരിക്കുന്നു. 
                     വായനക്കപ്പുറം  ആസ്വാദനത്തിന്റെ മനോഹരമായ തലത്തിലേക്ക് സഹൃദയനെ ഉയർത്തുകയാണ് ഈ കവിതയുടെ ശബ്ദമിശ്രണം.
സാമൂഹ്യ മൂല്യങ്ങളോടുള്ള ആന്തരികമായ അഭിനിവേശവും, ഭരണകൂടത്തിന്റെ നെറികേടുകളോടുളള പ്രതിഷേധവും ഈ കവിതകളിൽ കാണാം . കവിതയെ സാധാരണക്കാരിലേക്ക് എത്തിക്കാൻ ഇത്തരം ഉദ്ദ്യമങ്ങളിലൂടെ കഴിയുന്നു.  
   

No comments: