Sunday 4 July 2021

അച്ഛൻ

വർഷമേഘങ്ങളെ പേയ്തൊഴിച്ചീ

തുലാവർഷം പടിപ്പുര വിട്ടിറങ്ങേ

വൃശ്ചിക കാറ്റടിക്കുന്നുണ്ട് പാടത്ത്

പായൽപരപ്പിൻ മുകളിലൂടെ

കണ്ടൽക്കാട്ടിലെ കാടനക്കങ്ങൾക്ക്

താളം പിടിപ്പതുണ്ടീ ചെറുമീനുകൾ

കൊള്ളിയാൻ മിന്നവേ കുഞ്ഞുമാളങ്ങളിൽ

ഉരഗങ്ങളുള്ളിലേക്കുൾവലിഞ്ഞു

പേടിയെന്തെന്നതും അറിയാതെ കൊറ്റികൾ

പാടത്ത് ചെയ്തിടും പണിതുടർന്നു

ഞാനെന്റെ ഉമ്മറത്തിത്തിരി വട്ടത്തി-

ലോർമ്മകൾ കെട്ടിയ കെട്ടഴിക്കേ

അതിരുകൾക്കപ്പുറത്തേക്കായ് കവിഞ്ഞുവോ

തോട്ടുവക്കിൽ തീർത്ത നീർച്ചാലുകൾ


ഓർമ്മകളിൽ പലകുറി തുലാവർഷ പേമഴ

ചാഞ്ഞും ചരിഞ്ഞും പെയ്തിറങ്ങി

"എത്രമഴകൾ നനഞ്ഞിരിക്കാമച്ഛൻ

ഞങ്ങൾ നനയാതിരിക്കുവാനായ്".


അന്നൊരുമഴപെയ്ത്തിലാശുപത്രിചുമര്-

ചോർന്നൊലിക്കുന്നൊരാ പാതിരാവിൽ

ഒരുനോക്ക് മക്കളെ കാണാതന്തതയിൽ

ഉഴറുന്നൊരാ രണ്ടുകണ്ണുകളും

നിശ്ചലമാമൊരു കെട്ടകാലത്തിന്റെ 

ചുമരിൽ കനൽപൂവായ് കെട്ടടങ്ങേ

കൊടുവാക്കിനേക്കാൾ മുനയുള്ളൊരോർമ്മതൻ

ഏടായി നെഞ്ചകം പിഞ്ഞിടുന്നു.


Thursday 12 November 2020

ജാതി

 ജാതനായത് ജാതിയിലല്ലെന്നും

പച്ചമണ്ണിന്റെ മാറിലേക്കാണെന്നും

കാലുറക്കുന്ന നാളുകൾ തൊട്ടുനീ

അമ്മയെന്നപോൽ ചൊല്ലിപഠിക്കണം 

ജാതികാട്ടി തിരിക്കും മനുജന്റെ

നീചചിന്തയെ കാട്ടിലെറിയ്ക നീ.

മതിലുകെട്ടി തിരിച്ചിടാമീഭൂമി

ജനിമൃതികൾക്ക് സീമയില്ലോർക്കുക.

 വേരുതേടിയലയുമീ മണ്ണിന്റെ

നീരറുത്ത കഥകൾ കേട്ടീടുകിൽ

കാടുപോലും നടുങ്ങുന്ന ക്രൂരത

കണ്ടുനിൽക്കാതൊരഹ്നിയായ് തീരുവാൻ 

മർത്ത്യജാതിയിൽ വന്നുപിറന്നതിൻ 

ദുരിതമുണ്ണാതെ ഇലമടക്കീടുക.

ചിലനേരങ്ങളിൽ

അലസതയുടെ തണുപ്പുറഞ്ഞ് 

കനം മൂടിയൊരു മനസ്സുണ്ട് 

ആമത്തോടിൽ നിന്നും 

ഇടക്കതൊന്ന് തലപൊക്കും

ജീവിതത്തോട് സമരസപ്പെടാതെ 

സ്വപ്നങ്ങൾക്ക് കടിഞ്ഞാണിടാതെ 

ചരട് പൊട്ടിയ പട്ടംകണക്കെ 

അതങ്ങിനെ കാടുകേറും.

നിലാവുചുരത്തുന്ന രാത്രികാലങ്ങളിൽ  

നക്ഷത്രങ്ങൾപൂത്ത ആകാശചോട്ടിൽ 

ഉന്മാദിനിയായ് അലഞ്ഞ് 

പെണ്ണുങ്ങൾകാണാത്ത 

പാതിരാകാലത്തിന്റെ കണക്കെടുക്കും. 

ആരാന്റെ ചിത്തക്കൂടിൽ 

നേരംതെറ്റിപൂത്ത പാതിരാപ്പൂക്കളെ  

നെറ്റിയിലമരുന്ന ചുണ്ടിന്റെ ചൂടിനാൽ ഒപ്പിയെടുത്ത്

ക്യാൻവാസിൽ ചൊരിയും. 

അടിവയറ്റിൽ 

ആദ്യവേദനയുടെ നോവറിഞ്ഞ് 

ഉരുണ്ട്കൂടുന്ന കാർമേഘങ്ങൾ 

പെയ്തൊഴിയുന്നത് നോക്കിനിൽക്കും. 

ചുമരടുക്കുകളിൽ വരിതെറ്റിയ പുസ്തകത്തിലൊന്നെടുത്ത് 

താളുകൾ വെറുതേമറിച്ച് 

കിടക്കയിൽ തിരിച്ചെത്തും

ഒടുവിൽ, ഹൃദയത്തിന്റ പുലമ്പലും 

കണ്ണിന്റെ കലമ്പലും കാണാതെ 

ഉഷ്ണമാപിനികളെ തണുപ്പിച്ച് 

മൗനത്തിലേക്കാണ്ടിറങ്ങും.

Wednesday 21 October 2020

 ചിന്തകൾ ചിലനേരം ആകാശംപോലെ...

പരപ്പളവ് കണ്ടെത്താനാകില്ല

ഇടക്ക്ഗർത്തങ്ങളും ചുഴികളും പേറുന്ന കടൽ... 

ഓരോ അടരിലും നിഗൂഢതകൾ

എല്ലാം ശൂന്യമെന്ന് തോന്നുന്ന വായുമണ്ഡലം 

മറുപാതിയിൽ എല്ലാം ഉൾച്ചേരുന്ന പ്രപഞ്ചം.

ചിന്തകൾ ചിലതിങ്ങിനെ,

അറിയുന്തോറും ചുരുളഴിയുന്ന കാട്

മൗനത്തിലാഴുന്ന വാത്മീകം.

Tuesday 28 April 2020

ആകാശ ഈറ്റില്ലങ്ങളിൽ കാർമേഘങ്ങൾ 

ഒരുവൾക്ക് ജന്മം നൽകുന്നു 

മേഘത്താൽ പിറവിപൂണ്ട് 

അവൾ മഴയാകുന്നു.

കാറ്റിനൊപ്പം പിച്ചവെച്ച്,

ജീവിതം പഠിക്കാൻ ഭൂമിയിലേക്ക്... 

വാൻഗോഗ്

പ്രണയത്തിന്റെ തീമഴയിൽ
പിറവിയുടെ നീറും വേവും 
ഹൃത്തിൽ ഉന്മാദം നിറക്കുമ്പോൾ
വാൻഗോഗ് 
നീ വേഷങ്ങൾ അഴിച്ചുവെക്കുന്നോ? 
പരാജിതന്റെ ഒറ്റയാൾ കൂടാരത്തിൽ 
കത്തുന്ന ചൂടിൽ പൂത്ത സൂര്യകാന്തികൾ 
ഇന്നും നിറംകെട്ടുപോകാതെ 
നിന്നെ തിരയുന്നു. 
നിരാശയുടെ ക്യാൻവാസിൽ 
വിഷാദത്തിന്റെ ചായക്കൂട്ടിൽ 
നീ കോറിയിട്ടതൊക്കെയും 
നീയില്ലായ്മയിൽ അപൂർണ്ണമത്രെ!
ജാലകത്തിനപ്പുറത്തെ ആകാശകാഴ്ച്ച...
അരണ്ട മഞ്ഞവെളിച്ചത്തിൽ 
തളംകെട്ടിനിൽക്കുന്ന ജീവിതങ്ങൾ...
ജീവിതാസക്തിക്കും മേലെ പറക്കുന്ന 
ബലിക്കാക്കകൾ...
പകലിനേക്കാൾ മിഴിവുറ്റ രാത്രിയിൽ 
നിഴലും വെളിച്ചവുംകൊണ്ട് 
വറുതിയിൽ തീർത്ത ചിത്രങ്ങൾ..
ഒക്കെയും ഇരുണ്ടകാലത്തെ 
ഓർമ്മപ്പെടുത്തലുകൾ.
മനസ്സിൽ ജ്ഞാനത്തിന്റെ പ്രാന്ത് പൂത്തപ്പോൾ 
ഗോതമ്പ് പാടങ്ങൾക്കും 
ആർലെസ്സിലെ തെരുവുകൾക്കും മദ്ധ്യേ നീയലഞ്ഞു.  
ഹൃദയത്തിന്റെ സിംഫണി കേൾക്കാൻ 
പ്രണയത്തിന് കാതറുത്ത് നൽകി
ഒടുവിൽ അശാന്തതയുടെ കൂടുവിട്ട്
നക്ഷത്രദൂരത്തേക്ക്...

Saturday 18 April 2020

ഖലീൽ ജിബ്രാന്

പ്രണയം കരക്കും കാലത്തിനും 

അതീതമെന്ന് വിശ്വസിച്ച

ലബനോണിന്റെ എഴുത്തുകാരാ...

അക്ഷരങ്ങൾകൊണ്ട് 

ഹൃദയം കൊരുക്കുന്നവിദ്യ

നീ എങ്ങനെ പഠിച്ചു?

നിന്റെ വരികളിൽ ഋതുക്കൾ 

കാലം മറന്ന് സമന്വയിക്കുന്നു

മേയും മേരിയും സാറയും എമിലിയും 

ഹാലയും  ജോസഫൈനുമൊക്കെ

നിന്റെ പ്രണയത്താൽ വിശുദ്ധരാക്കപ്പെട്ടവർ....

പ്രപഞ്ചത്തോളം വളർന്ന പ്രവാചക കവേ

ഇന്നെന്റെ ലോകം നിന്നിലേക്ക് ഉയരുന്നു

സൈപ്രസ് മരങ്ങളേക്കാൾ വേരാഴ്ത്തി

നീയെന്നിൽ നിറയുന്നു.

ക്യാൻവാസിൽ ചായക്കൂട്ടുകൾ ചിതറുമ്പോൾ

ഇരുൾവീണരാത്രികളിൽ 

ഓക്ക് മരങ്ങൾ ഇലപൊഴിക്കുന്ന 

താഴ് വരകളിൽ

നീ പ്രണയത്തിന്റെ കയ്പ് രുചിച്ച്

ഉണർന്നിരിക്കയാവാം

ആകാശത്തിലെ ഒറ്റനക്ഷത്രത്തോട്

മൗനംകൊണ്ട് സംവദിക്കാൻ നീയെന്നെ പഠിപ്പിച്ചു.

കാറ്റിന്റെയും മഴയുടെയും ഭാഷ

ഞാൻ നിന്നിലൂടെ അറിഞ്ഞു.

തണുത്തുറഞ്ഞ മഞ്ഞുപാളികൾക്കടിയിൽ

ചൂട് ചോരാതെ നീ ഉറങ്ങുമ്പോൾ

പ്രണയംകൊണ്ട് മുറിവേറ്റ മാലാഖയുടെ

ചിറകടി കാതങ്ങൾക്കിപ്പുറം കേൾക്കാം.